Skip to content

ഐ പി എൽ 2020 ; പ്ലേയോഫ് യോഗ്യത നേടുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ പ്ലേ ഓഫിൽ പ്രവേശിക്കുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ദുബായിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെടുത്തിയതോടെയാണ് 2 മത്സരങ്ങൾ കൂടെ ബാക്കിനിൽക്കെ 16 പോയിന്റ് നേടിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് യോഗ്യത നേടിയത്.

പ്ലേ ഓഫിൽ മൂന്ന് സ്ഥാനങ്ങൾ കൂടെ അവശേഷിക്കെ ചെന്നൈ സൂപ്പർ കിങ്‌സ് ഒഴിച്ചുള്ള 6 ടീമുകളും പ്ലേ ഓഫിൽ പ്രവേശിക്കാൻ സാധ്യതകളുണ്ട്.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ അവസാന പന്തിലായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയം.

കൊൽക്കത്ത ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ട്ടത്തിലാണ് ചെന്നൈ മറികടന്നത്. 53 പന്തിൽ 72 റൺസ് നേടിയ ഋതുരാജ് ഗയ്‌ക്വാദ്, 20 പന്തിൽ 38 റൺസ് നേടിയ അമ്പാട്ടി റായുഡു, 11 പന്തിൽ 31 റൺസ് നേടിയ രവീന്ദ്ര ജഡേജ എന്നിവരാണ് ചെന്നൈയ്ക്ക് വേണ്ടി തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ 61 പന്തിൽ 87 റൺസ് നേടിയ നിതീഷ് റാണയുടെ ഒറ്റയാൾ പ്രകടനമാണ് മികച്ച സ്കോറിൽ എത്തിച്ചത്.

ഋതുരാജ് ഗയ്ക്വാദാണ് മാൻ ഓഫ് ദി മാച്ച്.