Skip to content

സെഞ്ചുറി നേടി ബെൻ സ്റ്റോക്സ്, തകർത്തടിച്ച് സഞ്ജുവും ; മുംബൈയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ബെൻ സ്റ്റോക്‌സിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ വിജയം. മുംബൈ ഉയർത്തിയ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു.

44 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ട്ടമായ രാജസ്ഥാനെ മൂന്നാം വിക്കറ്റിൽ 152 റൺസ് കൂട്ടിച്ചേർത്ത ബെൻ സ്റ്റോക്സ് – സഞ്ജു സാംസൺ കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്.

സഞ്ജു സാംസൺ 31 പന്തിൽ 54 റൺസും ബെൻ സ്റ്റോക്സ് 60 പന്തിൽ 14 ഫോറും 3 സിക്സുമടക്കം 107 റൺസ് നേടി. ഐ പി എല്ലിലെ ബെൻ സ്റ്റോക്സിന്റെ രണ്ടാം സെഞ്ചുറിയാണിത്.

ജെയിംസ് പാറ്റിൻസനാണ് മുംബൈയ്ക്ക് വേണ്ടി 2 വിക്കറ്റും നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 21 പന്തിൽ 60 റൺസ് നേടിയ ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങാണ് മികച്ച സ്കോറിൽ എത്തിച്ചത്. സൂര്യകുമാർ യാദവ് 26 പന്തിൽ 40 റൺസ് നേടി പുറത്തായി.

രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ എന്നിവർ 2 വിക്കറ്റ് വീതം നേടി.