Skip to content

മുംബൈയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടത്തിൽ ബെൻ സ്റ്റോക്സ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഐ പി എൽ ചരിത്രത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. മത്സരത്തിൽ 60 പന്തിൽ പുറത്താകാതെ 107 റൺസ് നേടിയ സ്റ്റോക്സിന്റെയും 31 പന്തിൽ 54 റൺസ് നേടിയ സഞ്ജു സാംസന്റെയും മികവിലാണ് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം രാജസ്ഥാൻ സ്വന്തമാക്കിയത്.

മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഐ പി എൽ ചരിത്രത്തിൽ ചേസിങിൽ 2 സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്റ്റോക്സ് സ്വന്തമാക്കി. ഇതിനുമുൻപ് 2017 സീസണിൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ വിജയലക്ഷ്യം പിന്തുടരവേ റൈസിങ് പുണെ സൂപ്പർ ജയന്റ്സിന് വേണ്ടി സ്റ്റോക്സ് സെഞ്ചുറി നേടിയിരുന്നു.

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും സ്റ്റോക്സ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 105 റൺസ് നേടിയ അജിങ്ക്യ രഹാനെയുടെ റെക്കോർഡാണ് സ്റ്റോക്സ് തകർത്തത്.

മത്സരത്തിൽ മുംബൈ ഉയർത്തിയ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 18.2 ഓവറിലാണ് രാജസ്ഥാൻ മറികടന്നത്.

സ്റ്റോക്സ് 60 പന്തിൽ 14 ഫോറും 3 സിക്സും ഉൾപ്പെടെ 107 റൺസും സഞ്ജു സാംസൺ 31 പന്തിൽ 4 ഫോറും 3 സിക്സുമുൾപ്പടെ 54 റൺസ് നേടി പുറത്താകാതെ നിന്നു.