Skip to content

അക്കാര്യം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു, കോഹ്ലിയ്ക്ക് നന്ദിപറഞ്ഞ് മൊഹമ്മദ് സിറാജ്

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാലോവറിൽ 8 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ സിറാജ് നേടിയിരുന്നു.

മത്സരത്തിൽ തനിക്ക് ന്യൂ ബോൾ നൽകാനുള്ള ക്യാപ്റ്റൻ കോഹ്ലിയുടെ തീരുമാനമാണ് തന്റെ ആത്മവിശ്വാസം വർധിപ്പിച്ചതെന്ന് മത്സരശേഷം സിറാജ് പറഞ്ഞു.

” ഇക്കാര്യം ഞങ്ങൾ മുന്നേ തീരുമാനിച്ചിരുന്നില്ല, എന്നാൽ ഫീൽഡിൽ ഇറങ്ങിയപ്പോൾ ‘ മിയാൻ റെഡിയായിക്കോളൂ നീ പന്തെറിണമെന്ന് കോഹ്ലി ഭായ് എന്നോട് പറഞ്ഞു. അതെന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ആദ്യ ഓവറിൽ മോറിസ് ബാറ്റ്‌സ്മാനെ ബുദ്ധിമുട്ടിച്ചിരുന്നു. അതിന് ശേഷം കോഹ്ലി ഭായ് ഡിവില്ലിയേഴ്സുമായി സംസാരിക്കുകയും രണ്ടാം ഓവർ എനിക്ക് നൽകുകയും ചെയ്തു. ഇത്രയധികം സ്വിങ് ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല, ഞാൻ എന്റെ കഴിവിനെ പിന്തുണച്ചു, അത് ഞാൻ ആസ്വദിക്കുകയും ചെയ്തു. ” സിറാജ് പറഞ്ഞു.

എട്ട് വിക്കറ്റിനായിരുന്നു മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയം. സിറാജിന്റെ മികവിൽ കൊൽക്കത്തയെ 84 റൺസിൽ ചുരുക്കികെട്ടിയ ബാംഗ്ലൂർ 13.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

വിജയത്തോടെ പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസിനെ പിന്നിലാക്കി ബാംഗ്ലൂർ രണ്ടാം സ്ഥാനത്തെത്തി.