Skip to content

തകർപ്പൻ സെഞ്ചുറിയുമായി ധവാൻ, ചെന്നൈയ്ക്കെതിരെ ഡൽഹിയ്ക്ക് ആവേശവിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം. ചെന്നൈ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി മറികടന്നു.

58 പന്തിൽ പുറത്താകാതെ 101 റൺസ് നേടിയ ശിഖാർ ധവാനാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. സ്റ്റോയിനിസ് 14 പന്തിൽ 24 റൺസും അക്ഷർ പട്ടേൽ 5 പന്തിൽ 21 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു.

ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാർ നാലോവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റും സാം കറൺ, ഷാർദുൽ താക്കൂർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 47 പന്തിൽ 58 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസും, 25 പന്തിൽ 45 റൺസ് നേടിയ അമ്പാട്ടി റായുഡുവുമാണ് മികച്ച സ്കോറിൽ എത്തിച്ചത്. ഷെയ്ൻ വാട്സൻ 28 പന്തിൽ 36 റൺസും രവീന്ദ്ര ജഡേജ 13 പന്തിൽ 33 റൺസും നേടി.