Skip to content

ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ നടരാജനെ അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ സൺറൈസേഴ്‌സിന്റെ തമിഴ്നാട് ബൗളർ ടി നടരാജനെ അഭിനന്ദിച്ച് ഡൽഹി ക്യാപിറ്റൽസ് ബൗളർ രവിചന്ദ്രൻ അശ്വിൻ.

മത്സരത്തിന് മുൻപായി അശ്വിനുമായുള്ള അഭിമുഖത്തിൽ എം എസ് ധോണിയുടെ വിക്കറ്റ് നേടുകയെന്നത് വലിയ നേട്ടമായി കണക്കാക്കുമെന്ന് നടരാജൻ വ്യക്തമാക്കിയിരുന്നു.

https://twitter.com/ashwinravi99/status/1316042128091426816?s=19

ഇതിനുപുറകെയാണ് ചെന്നൈയ്ക്കെതിരായ മത്സരത്തിലെ തന്റെ നാലാം ഓവറിലെ അവസാന പന്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണിയുടെ വിക്കറ്റ് ഈ തമിഴ്നാട്ടുക്കാരൻ നേടിയത്.

ഈ ഐ പി എല്ലിൽ തകർപ്പൻ പ്രകടനമാണ് നടരാജൻ ഹൈദരാബാദിന് വേണ്ടി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. എട്ട് മത്സരങ്ങളിൽ എട്ട് വിക്കറ്റുകൾ നടരാജൻ നേടിയിട്ടുണ്ട്.

മത്സരത്തിൽ 20 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തിയത്. ചെന്നൈ ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് നേടാനെ സാധിച്ചുള്ളൂ.

39 പന്തിൽ 57 റൺസ് നേടിയ കെയ്ൻ വില്യംസൺ മാത്രമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ, കരൺ ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിനെ 42 റൺസ് നേടിയ ഷെയ്ൻ വാട്സനും 34 പന്തിൽ 41 റൺസ് നേടിയ അമ്പാട്ടി റായുഡുവും 21 പന്തിൽ 31 റൺസ് നേടിയ സാം കറനുമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.