Skip to content

ഐ പി എല്ലിലെ തന്റെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. അന്താരാഷ്ട്ര തലത്തിൽ ഓസ്‌ട്രേലിയക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടുള്ള മാക്‌സ്‌വെല്ലിന് ആ മികവ് ഐ പി എല്ലിൽ കാഴ്ച്ചവെയ്ക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

ഓസ്‌ട്രേലിയൻ ടീമിൽ തന്റെ റോൾ എന്താണെന്ന് വ്യക്തമായ ബോധ്യം തനിക്കുണ്ടെന്നും ടീമംഗങ്ങൾ എല്ലാവരും തന്നെ എങ്ങനെയാണ് ബാറ്റ് ചെയ്യുകയെന്നതിനെ പറ്റിയും ഉത്തമബോധ്യമുണ്ടെന്നും എന്നാൽ ഐ പി എല്ലിൽ കാര്യങ്ങൾ പാടെ വ്യതസ്തമാണെന്നും മാക്‌സ്‌വെൽ പറഞ്ഞു.

” എന്റെ റോൾ ഓരോ ഐ പി എൽ മത്സരത്തിലും വ്യത്യസ്തമാണ്. മിക്ക ഐ പി എൽ ടീമുകളും അവരുടെ ടീമുകളിൽ നിരന്തരം മാറ്റങ്ങൾ വരുത്തുകയും ചെയ്യും. എന്നാൽ ഓസ്‌ട്രേലിയൻ ടീമിൽ ഒരേ പ്ലേയിങ് ഇലവനായിരിക്കും തുടർച്ചയായ മത്സരങ്ങളിലും കാണാൻ സാധിക്കുക. ഞങ്ങൾക്ക് എല്ലാവർക്കും ഞങ്ങലെന്താണ് ചെയ്യേണ്ടതെന്നറിയാം. ” മാക്‌സ്‌വെൽ പറഞ്ഞു.

2014 ഐ പി എൽ സീസണിൽ 552 റൺസ് നേടിയ മാക്‌സ്‌വെല്ലിന്റെ മികവിലാണ് കിങ്‌സ് ഇലവൻ പഞ്ചാബ് തങ്ങളുടെ ഒരേയൊരു ഐ പി എൽ ഫൈനൽ കളിച്ചത്. 2017 ൽ പഞ്ചാബിന്റെ ക്യാപ്റ്റനായ മാക്‌സ്‌വെൽ സീസണിൽ 170 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 310 റൺസും 7 വിക്കറ്റും നേടിയിരുന്നു.

പിന്നീട് ഡൽഹിയിലെത്തിയ മാക്‌സ്‌വെല്ലിന് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. കഴിഞ്ഞ സീസണിൽ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മാക്‌സ്‌വെൽ വിട്ടുനിന്നിരുന്നു. തുടർന്ന് ഈ സീസണിൽ 10.75 കോടിയ്ക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ ടീമിൽ തിരിച്ചെത്തിച്ചത്.