Skip to content

യുവതാരത്തെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസ് യുവ ബാറ്റ്‌സ്മാൻ യശസ്വി ജയ്സ്വാളിനെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരായ 36 പന്തിൽ 34 റൺസ് നേടി പുറത്തായതിന് പുറകെയാണ് ജയ്സ്വാൾ സോഷ്യൽ മീഡിയയിൽ പരിഹഹാസം നേരിട്ടത്. ഇതിലൊരു ട്രോൾ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടാണ് ആകാശ് ചോപ്ര തന്റെ രോക്ഷം പ്രകടിപ്പിച്ചത്.

” ദയവായി അവനെ വെറുതെ വിടൂ, നിങ്ങളുടെ തമാശ മുതിർന്ന താരങ്ങൾക്ക് അതേ രീതിയിൽ ഉൾക്കൊള്ളാൻ സാധിക്കുമായിരിക്കും. എന്നാൽ ഒരു 19 ക്കാരനിൽ ആ പക്വത ഉണ്ടാകണമെന്നില്ല, ” ട്വിറ്ററിൽ ചോപ്ര കുറിച്ചു. 

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ജയ്സ്വാളിന്റെ തകർപ്പൻ ബാറ്റിങ് മികവായിരുന്നു. ടൂർണമെന്റിൽ 6 മത്സരങ്ങളിൽ നിന്നും നാല് ഫിഫ്റ്റിയും ഒരു സെഞ്ചുറിയുമടക്കം 133.33 ശരാശരിയിൽ 400 റൺസ് ജയ്സ്വാൾ ഇന്ത്യയ്ക്ക് വേണ്ടി നേടിയിരുന്നു.

വിജയ് ഹസാരെ ട്രോഫിയിലും തകർപ്പൻ പ്രകടനമായിരുന്നു ജയ്സ്വാൾ കാഴ്ച്ചവെച്ചത്. ടൂർണമെന്റിൽ മൂന്ന് സെഞ്ചുറി യുവതാരം നേടിയിരുന്നു. എന്നാൽ ഈ മികവ് തന്റെ ആദ്യ ഐ പി എൽ സീസണിൽ പുറത്തെടുക്കാൻ ജയ്സ്വാളിന് സാധിച്ചിട്ടില്ല.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ 6 റൺ നേടിയ പുറത്തായ ജയ്സ്വാളിന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റണ്ണൊന്നും നേടാൻ സാധിച്ചില്ല.

തുടർച്ചയായ നാലാം പരാജയമാണ് ഡൽഹിയ്ക്കെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. ഡൽഹി ഉയർത്തിയ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 19.4 ഓവറിൽ 138 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.