Skip to content

ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാൻ പന്തിനേക്കാൾ യോഗ്യൻ സഞ്ജു തന്നെ, കാരണം വ്യക്തമാക്കി കെവിൻ പീറ്റേഴ്സൺ

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാകാൻ റിഷാബ് പന്തിനേക്കാൾ യോഗ്യൻ മലയാളി താരം സഞ്ജു സാംസനാണെന്ന് മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ കെവിൻ പീറ്റേഴ്സൺ.

റിഷാബ് പന്തിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കുന്നയില്ലെന്നും ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സ്ഥിരതയാർന്ന പ്രകടനം പന്തിൽ നിന്നുണ്ടാകണമെന്നും കൂടാതെ കഴിഞ്ഞ സീസണുകളിൽ കണ്ട അതേ പന്തിനെ തന്നെയാണ് ഇക്കുറിയും കാണാൻ സാധിക്കുന്നതെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങണമെങ്കിൽ നിങ്ങൾ മെച്ചപെട്ടുകൊണ്ടിരിക്കണമെന്നും പീറ്റേഴ്സൺ പറഞ്ഞു.

എന്നാൽ മറുഭാഗത്ത് മറ്റു സീസണുകളിൽ നിന്നും പൂർണമായും വ്യത്യസ്തനായ സഞ്ജുവിനെയാണ് ഈ സീസണിൽ കാണാൻ സാധിക്കുന്നതെന്നും സഞ്ജുവിന്റെ ഡെഡിക്കേഷനും പ്രതിബദ്ധതയും തന്നിൽ മതിപ്പുളവാക്കിയെന്നും രണ്ടോ മൂന്നോ മത്സരങ്ങളിൽ പരാജയപെട്ടുവെങ്കിൽ കൂടിയും അന്താരാഷ്ട്ര ക്രിക്കറ്റിനാവശ്യമായ ഡെഡിക്കേഷൻ സഞ്ജുവിനുണ്ടെന്നും പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.

ഇന്ത്യൻ വിക്കറ്റ് കീപ്പറായി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പന്തിന് എന്നാൽ ആ മികവ്‌ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും കാഴ്ച്ചവെയ്ക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി 16 ഏകദിന മത്സരങ്ങളിലും 27 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള പന്തിന് മൂന്ന് ഫിഫ്റ്റി നേടാൻ മാത്രമാണ് സാധിച്ചിട്ടുള്ളത്.

മറുഭാഗത്ത് ഈ ഐ പി എൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിന് പിന്നീട് ആ മികവ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ആ നാല് മത്സരങ്ങളിലാകട്ടെ രാജസ്ഥാൻ റോയൽസ് പരാജയപെടുകയും ചെയ്തു.