Skip to content

2019 ലോകക്കപ്പിൽ റായുഡുവിനെ ടീമിൽ എടുക്കാതിരുന്നത് ഇന്ത്യയുടെ നഷ്ടമാണെന്ന് സി‌.എസ്‌.കെ താരം ഷെയ്ൻ വാട്സൺ

അബുദാബിയിൽ ശനിയാഴ്ച നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2020 ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റായുഡു അവിശ്വസനീയമാംവിധം ബാറ്റ് ചെയ്തുവെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരവും മുൻ ഓസ്‌ട്രേലിയൻ ഓപ്പണറുമായ ഷെയ്ൻ വാട്സൺ.

2019 ലെ ഇന്ത്യൻ ലോകകപ്പ് ടീമിൽ അമ്പാട്ടി റായിഡു ഉണ്ടായിരുന്നില്ല എന്നത് ഇന്ത്യയുടെ നഷ്ടമാണെന്ന് ഷെയ്ൻ വാട്സൺ പറഞ്ഞു. ലോകക്കപ്പിന് ശേഷം ആദ്യമായി കളിക്കളത്തിൽ റായുഡു ഇറങ്ങിയപ്പോൾ ടീം 6 റൺസിൽ 2 വിക്കറ്റ് നഷ്ട്ടത്തിലായിരുന്നു, 48 പന്തിൽ 78 റൺസ് നേടി അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബുംറയടക്കമുള്ള ബോളർമാരെ അടിച്ചു പറത്തുകയായിരുന്നു.

” ജസ്പ്രീത് ബുംറയെപ്പോലുള്ള ബോളറെ അദ്ദേഹം നേരിട്ട ശൈലിയും അവിശ്വസനീയമായിരുന്നു. അദ്ദേഹത്തിന് മൈതാനത്ത് എല്ലാ ഷോട്ടുകളും കളിക്കാൻ കഴിഞ്ഞു. തന്റെ പഴയ ടീം മുംബൈക്കെതിരെ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. സി‌എസ്‌കെയെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച തുടക്കമായിരുന്നു, ”വാട്‌സൺ തന്റെ യൂട്യൂബ് ചാനലായ ‘ദി ഡിബ്രീഫ്’ എപ്പിസോഡിൽ പറഞ്ഞു.

ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിനാൽ റായുഡു അസ്വസ്ഥനായിരുന്നു. മുൻ ചീഫ് സെലക്ടർ എം‌എസ്‌കെ പ്രസാദിനെതിരെ 3 ഡി വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. വിജയ് ശങ്കറിന്റെ ത്രിമാന കഴിവുകളെക്കുറിച്ച് അഭിപ്രായപ്പെട്ടതിനാൽ ആയിരുന്നു ഇത്തരത്തിൽ പരിഹസിച്ചത്. പിന്നാലെ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ശേഷം തീരുമാനം പിൻവലിക്കുകയുമായിരുന്നു.

ഒപ്പം ഐപിഎൽ 13 ആം സീസൺ യാഥാർഥ്യമാക്കിയതിൽ ബിസിസിഐയെ വാട്സണ് പ്രശംസിക്കുകയും ചെയ്തു. ഐ‌പി‌എൽ കമ്മിറ്റിയും ബി‌സി‌സി‌ഐയും എത്രത്തോളം നന്നായി പരിശ്രമിച്ചാണ് സാധാരണ നിലയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് സാധ്യമാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.