Skip to content

പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ജോസ് ബട്ട്ലറുടെയും ക്രിസ് വോക്‌സിന്റെ ബാറ്റിങ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടിയായതെന്ന് ക്യാപ്റ്റൻ അസ്ഹർ അലി. ഇരുവരുടെയും 139 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി മാറ്റിയെന്നും ഒപ്പം ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ വന്നതും പരാജയത്തിന് കാരണമായെന്നും വിജയത്തിന്റെ ക്രെഡിറ്റ് നൽകേണ്ടത് ജോസ് ബട്ട്ലർക്കാണെന്നും മത്സരശേഷം അസ്ഹർ അലി പറഞ്ഞു.

Chris Woakes and Jos Buttler ( Picture Credit : England Cricket Twitter Handle )

” അവസാന നിമിഷം മത്സരം കൈവിട്ടതിൽ നിരാശയുണ്ട്. ക്രെഡിറ്റ് അർഹിക്കുന്നത് ബട്ട്ലറും വോക്‌സുമാണ്. അവരുടെ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഓസ്‌ട്രേലിയക്കെതിരായ ബെൻ സ്റ്റോക്സിന്റെ ഇന്നിങ്സിന് സമാനമായിരുന്നു ഇരുവരുടെയും പ്രകടനം. ഒരു പക്ഷേ കാണികൾ ഉണ്ടായിരുന്നുവെങ്കിൽ മത്സരം കൂടുതൽ ആവേശകരമാകുമായിരുന്നു. റിവേഴ്സ് സ്വിങ് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. തുടക്കത്തിൽ വിക്കറ്റുകൾ നേടാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു എന്നാൽ ആ കൂട്ടുകെട്ട് ഗതി മാറ്റുകയായിരുന്നു. ഈ ടോട്ടലിൽ ഞാൻ തൃപ്തനായിരുന്നു എന്നാൽ അതിനനുസരിച്ചുള്ള ബൗളിങ് പ്രകടനം ഞങ്ങൾക്ക് കാഴ്ച്ചവെയ്ക്കാൻ സാധിച്ചില്ല ” അസ്ഹർ അലി പറഞ്ഞു.

മത്സരത്തിൽ 277 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ ഒരു ഘട്ടത്തിൽ 117 റൺസിന് 5 വിക്കറ്റ് നഷ്ട്ടപെട്ട ഇംഗ്ലണ്ടിനെ ആറാം വിക്കറ്റിൽ 139 റൺസ് കൂട്ടിച്ചേർത്ത വോക്‌സ് ബട്ട്ലർ കൂട്ടുകെട്ടാണ് മൂന്ന് വിക്കറ്റിന്റെ വിജയത്തിലെത്തിച്ചത്. ബട്ട്ലർ 75 റൺസ് നേടി പുറത്തായപ്പോൾ ക്രിസ് വോക്‌സ് 84 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : Twitter ICC )