Skip to content

ബുംറയ്ക്ക് മൂന്ന് ഫോർമാറ്റിലും കളിക്കാനാകില്ല ; കാരണം വ്യക്തമാക്കി ഷൊഹൈബ്‌ അക്തർ

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും തുടർച്ചയായി കളിക്കുവാൻ സാധിക്കുകയില്ലെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ബുംറയുടേത് വളരെ പ്രയാസമേറിയ ബൗളിങ് ആക്ഷനാണെന്നും അതുകൊണ്ട് തന്നെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ താരത്തിന് കളിക്കാൻ സാധിക്കുകയില്ലെന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയ്ക്കൊപ്പമുള്ള അഭിമുഖത്തിൽ അക്തർ പറഞ്ഞു.

( Picture Source : Jasprit Bumrah Twitter handle )

ബുംറ വളരെ കഠിനാധ്വാനം ചെയ്യുന്ന താരമാണെന്നും തന്റെ ലക്ഷ്യമെന്തെന്ന വ്യക്തമായ ബോധ്യം ബുംറയ്ക്കുണ്ടെന്നും എന്നാൽ പിൻഭാഗത്തിന് നൽകുന്ന അമിത സമ്മർദ്ദം ശരീരത്തിന് താങ്ങുവാൻ സാധിക്കുമോയെന്ന് കണ്ടറിയണമെന്നും യൂട്യൂബ് ഷോയിൽ അക്തർ പറഞ്ഞു.

( Picture Source : Twitter )

” പരിക്കിന് മുൻപുള്ള അവന്റെ മത്സരങ്ങൾ ഞാൻ കണ്ടിരുന്നു. അവന് പരിക്ക് പറ്റുമെന്ന് ഞാൻ അപ്പോൾ തന്നെ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. നാലോ അഞ്ചോ റണ്ണപ്പ് മാത്രമല്ലേയെന്ന് അവരെന്നോട് ചോദിച്ചിരുന്നു. എന്നാൽ റണ്ണപ്പിലല്ല പന്തെറിയുമ്പോൾ പിൻഭാഗത്തിന് നൽകുന്ന സമ്മർദ്ദത്തിനാണ് കുഴപ്പമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. അത്രത്തോളം ഭാരം താങ്ങാൻ അവന്റെ പിൻഭാഗത്തിന് സാധിക്കില്ല. ഞാൻ പറഞ്ഞതുപോലെ രണ്ടോ മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം അവന് പരിക്കേറ്റു. ഇക്കാര്യത്തിൽ അവൻ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം ക്യാപ്റ്റനും കാരണം ഇത്തരം കഴിവുള്ള ചുരുക്കം ചിലരെ മാത്രമേ നിങ്ങൾക്ക് ലഭിക്കൂ ” അക്തർ കൂട്ടിച്ചേർത്തു.