Skip to content

മാഞ്ചസ്റ്റർ ടെസ്റ്റ് ; വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 113 റൺസിന്റെ തകർപ്പൻ വിജയം. 312 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് 198 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

62 റൺസ് നേടിയ ഷാമാർ ബ്രൂക്സ്, 55 റൺസ് നേടിയ ബ്ലാക്ക്വുഡ്, 35 റൺസ് നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡർ എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റും, ബെൻ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, ഡൊമിനിക് ബെസ്‌ എന്നിവർ രണ്ട് വിക്കറ്റ് വീതവും സാം കറൺ ഒരു വിക്കറ്റും നേടി.

നേരത്തെ രണ്ടാം ഇന്നിങ്സിൽ 57 പന്തിൽ 78 റൺസ് നേടിയ ബെൻ സ്റ്റോക്സിന്റെ മികവിൽ 129/3 എന്ന നിലയിൽ ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

മത്സരത്തിൽ നേടിയ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനൊപ്പമെത്തി.

ജൂലൈ 24 ന് ഇതേ വേദിയിൽ തന്നെയാണ് പരമ്പരയിലെ അവസാന മത്സരം.