Skip to content

ടി20 ക്രിക്കറ്റ് കൂടുതൽ കളിക്കുവാൻ ആഗ്രഹിച്ചിരുന്നു ; സൗരവ് ഗാംഗുലി

ടി20 ക്രിക്കറ്റിൽ കൂടുതൽ കാലം തുടരുവാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളുമൊത്തുള്ള ലൈവ് ചാറ്റിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ഗാംഗുലി വെളിപ്പെടുത്തിയത്. ഈ കാലഘട്ടത്തിൽ ജനിക്കുകയായിരുന്നുവെങ്കിൽ ടി20 യിലെ വെടിക്കെട്ട് ബാറ്റ്സ്മാനാകാൻ ശ്രമിക്കുമോ അതോ ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണോ കളിക്കുക എന്നായിരുന്നു ഗാംഗുലിയ്ക്കുള്ള ആരാധകന്റെ ചോദ്യം.

” ടി20 വളരെ പ്രധാനപ്പെട്ടതാണ്. തീർച്ചയായും ഞാൻ സ്വാഭാവിക ശൈലിയിൽ മാറ്റം വരുത്തിയേനെ. ടി20 ക്രിക്കറ്റ് ആക്രമിച്ചു കളിക്കാനുള്ള ലൈസൻസാണ്. ” ഗാംഗുലി പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് സീസണിൽ ഗാംഗുലി കളിച്ചിട്ടുണ്ട്. ആദ്യ മൂന്ന് സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും തുടർന്നുള്ള രണ്ട് സീസണിൽ പൂനെ വാരിയേഴ്സിന് വേണ്ടിയുമാണ് ദാദ കളിച്ചത്.