Skip to content

കോഹ്ലി റോജർ ഫെഡററെങ്കിൽ സ്മിത്ത് റാഫേൽ നദാൽ ; എ ബി ഡിവില്ലിയേഴ്സ്

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെയും ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡററുമായും റാഫേൽ നദാലുമായും ഉപമിച്ച് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മുൻ സിംബാബ്‌വെ താരം പോമി എംബാങ്‌വയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ സ്മിത്തോ കോഹ്ലിയോ ആരാണ് മികച്ച ബാറ്റ്‌സ്മാനെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ഇരുവരെയും ടെന്നീസ് ഇതിഹാസങ്ങളുമായി ഡിവില്ലിയേഴ്സ് ഉപമിച്ചത്.

( Picture Source ; Twitter )

വിരാട് കോഹ്ലി സ്റ്റീവ് സ്മിത്തിനേക്കാൾ നാച്ചുറൽ സ്‌ട്രൈക്കറാണെന്നും ലോകത്തെമ്പാടും റൺസ് നേടാൻ കോഹ്ലിക്ക് സാധിക്കുന്നുണ്ടെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ കൂടുതൽ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുള്ളതും കോഹ്ലിയാണെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

“ഇക്കാര്യം വളരെ ബുദ്ധിമുട്ടേറിയതാണ്. വിരാട് സ്മിത്തിനേക്കാൾ നാച്ചുറൽ സ്‌ട്രൈക്കറാണ്. ടെന്നീസിന്റെ രീതിയിൽ പറയുകയാണെങ്കിൽ വിരാട് ഫെഡററെ പോലെയാണ് സ്മിത്താകട്ടെ റാഫേൽ നദാലിനെ പോലെയും അവൻ മാനസികമായി വളരെ ശക്തനാണ് റൺസ് നേടുന്നതിനുള്ള വഴികൾ അവൻ കണ്ടെത്തുന്നു. അവൻ ഒരുപക്ഷേ നാച്ചുറലായി തോന്നില്ല. എന്നാൽ റെക്കോർഡുകൾ തകർത്ത് അവിശ്വസനീയ പ്രകടനമാണ് അവൻ ക്രീസിൽ കാഴ്ച്ചവെയ്ക്കുന്നത്. എന്നാൽ ഞാൻ വിരാടിനെയാണ് തിരഞ്ഞെടുക്കുക. അവൻ നാച്ചുറൽ പ്ലേയറാണ്. ലോകത്തെവിടെയും റൺസ് നേടാനും സമ്മർദ്ദ ഘട്ടങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കാനും സാധിച്ചിട്ടുണ്ട്. ” ഡിവില്ലിയേഴ്സ് പറഞ്ഞു.

( Picture Source : Twitter )