Skip to content

ബാംഗ്ലൂർ വിട്ട് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമോ ? ഡിവില്ലിയേഴ്സിന്റെ മറുപടിയിങ്ങനെ

ഐ പി എല്ലിൽ ഇനിയുള്ള വർഷങ്ങളിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മുൻ സിംബാബ്‌വെ താരം പോമി എംബാങ്വെയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ആർ സി ബി വിട്ട് എം എസ് ധോണിയുടെ കീഴിൽ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമോയെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ഇക്കാര്യം ഡിവില്ലിയേഴ്സ് വ്യക്തമാക്കിയത്.

” ഐ പി എല്ലിലെ സിസ്റ്റം അനുസരിച്ച് എനിക്ക് തിരഞ്ഞെടുക്കാനുള്ള അവസരമില്ല. ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടി ഞാൻ കളിച്ചിരുന്നു. ആദ്യ മൂന്ന് സീസണിന് ശേഷം അവർ റിലീസ് ചെയ്തു പിന്നീട് ഞാൻ ആർ സി ബി യിലെത്തി. അതുകൊണ്ട് തന്നെ ഐ പി എൽ കരിയറിലെ നിയന്ത്രണം എന്റെ കയ്യിലല്ല. ജീവിതത്തിലെ ഇനിയുള്ള വർഷങ്ങളിലും ഇവിടെ കളിക്കാനാണ് ഞാൻ ഇഷ്ട്ടപെടുന്നത്. ഈ ഫ്രാഞ്ചൈസിയെയും ആരാധകരെയും വളരെയധികം ഞാൻ ഇഷ്ട്ടപെടുന്നു. സൗഹൃദങ്ങളും ഇവിടം വിടാൻ പ്രേരിപ്പിക്കുന്നില്ല. നിർഭാഗ്യവശാൽ ചെന്നൈയ്ക്ക് വേണ്ടി കളിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ അവർക്കെതിരെ കളിക്കുന്നത് ഇഷ്ട്ടമാണ്. അവരോടൊപ്പമുള്ള മത്സരങ്ങൾ എപ്പോഴും ആവേശകരമാണ് ” ഡിവില്ലിയേഴ്സ് പറഞ്ഞു.

( Picture Source : Twitter )

ഡൽഹിയ്ക്ക് വേണ്ടി ആദ്യ മൂന്ന് സീസണുകളിൽ നിന്നായി 671 റൺസ് നേടിയിട്ടുള്ള ഡിവില്ലിയേഴ്സ് ആർ സി ബിയ്ക്ക് വേണ്ടി 154 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ചുറിയും 33 ഫിഫ്റ്റിയുമടക്കം 39.95 ശരാശരിയിൽ 4395 റൺസ് നേടിയിട്ടുണ്ട്.

( Picture Source : Twitter )