Skip to content

സെവാഗല്ല, ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങിന് തുടക്കം കുറിച്ചത് ഷാഹിദ് അഫ്രീദി ; വസിം അക്രം

ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമണ ബാറ്റിങ് ശൈലിയ്ക്ക് തുടക്കമിട്ടത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് അല്ലെന്നും ആ മാറ്റത്തിന് തുടക്കം കുറിച്ചത് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രം.

ഏകദിന ക്രിക്കറ്റിലെന്ന ബാറ്റ് വീശിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ സെവാഗ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറടക്കമുള്ളവർ സെവാഗിന്റെ ആക്രമണശൈലിയുടെ ആരാധകരാണ്.

” ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റിങിന് പുതിയ മുഖം നൽകിയത് ഷാഹിദ് അഫ്രീദിയാണ്. സെവാഗ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കടന്നുവരുന്നത് അതിന് ശേഷമാണ്. എന്നാൽ 1999-2000 കാലഘട്ടത്തിൽ അഫ്രീദി മാറ്റങ്ങൾക്ക് തുടക്കമിട്ടിരുന്നു. ബൗളറെന്ന നിലയിൽ അവനെ പുറത്താക്കാൻ സാധിക്കുമെന്ന് എനിക്കറിയാം അതുപോലെ അവൻ എനിക്കെതിരെ ബൗണ്ടറി നേടുമെന്നും മോശം പന്തുകളിൽ സിക്സ് പറത്താനും അവന് കഴിഞ്ഞിരുന്നു. ” വസിം അക്രം പറഞ്ഞു.

1998 ൽ ഓസ്‌ട്രേലിയക്കെതിരെ ഓപ്പണിങ് ബാറ്റ്‌സ്മാനായാണ് അഫ്രീദി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 1999 ൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി അഫ്രീദി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.