Skip to content

സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ പിന്തുണയറിയിച്ച് ടിം പെയ്ൻ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ തനിക്ക് അതൃപ്തിയില്ലെന്ന് ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ. അത്തരത്തിലൊരു തീരുമാനം സ്മിത്തിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് താൻ സ്വാഗതം ചെയ്യുമെന്നും റിപ്പോർട്ടർമാർക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ ടിം പെയ്ൻ പറഞ്ഞു.

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്മിത്ത് നേരിട്ടിരുന്ന രണ്ട് വർഷത്തെ ക്യാപ്റ്റൻസി ബാൻ മാർച്ച് 29 ന് അവസാനിച്ചിരുന്നു. അതിന് പുറകെ സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകുമോ എന്നുള്ള ചർച്ചകളും ക്രിക്കറ്റ് ലോകത്ത് ആരംഭിച്ചു കഴിഞ്ഞിരുന്നു.

” അത്തരത്തിലൊന്നും സ്മിത്തും ഞാനും സംസാരിച്ചിട്ടില്ല. എന്നാൽ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്റെയും ഹൻഡ്രഡ് ലീഗിൽ വെൽഷ് ഫയറിന്റെയും ക്യാപ്റ്റൻ കൂടിയാണ് സ്മിത്ത്. അതുകൊണ്ട് തന്നെ ക്യാപ്റ്റൻസി അവൻ ഒരുപാട് ഇഷ്ട്ടപെടുന്നുണ്ട്. സ്മിത്ത് വീണ്ടും ക്യാപ്റ്റനാകുവാൻ തീരുമാനിക്കുകയാണെങ്കിൽ ഞാൻ തീർച്ചയായും അവനെ പിന്തുണയ്ക്കും ” ടിം പെയ്ൻ പറഞ്ഞു.

സ്മിത്തിനെ കൂടാതെ പാറ്റ് കമ്മിൻസ്, ട്രാവിസ്‌ ഹെഡ്, ലാബുഷെയ്ൻ, അലക്‌സ് കാരി അടക്കമുള്ളവർ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നുവരികയാണെന്നും അത് നല്ല സൂചനയാണെന്നും ടിം പെയ്ൻ കൂട്ടിച്ചേർത്തു.