Skip to content

ടി20 ലോകകപ്പിൽ ധോണി കളിക്കുമോ, ഗാവസ്‌കറുടെ മറുപടിയിങ്ങനെ

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി കളിക്കാനുള്ള സാധ്യത കുറവാണെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുനിൽ ഗാവസ്‌കർ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ ധോണിയുടെ അഭാവത്തിലും ടീം ഏറെ മുന്നോട്ട് പോയികഴിഞ്ഞെന്നും അതുകൊണ്ട് തന്നെ ധോണി തിരികെ ടീമിലെത്താനുള്ള സാധ്യതകൾ വളരെ കുറവാണെന്നും തന്റെ അഭിപ്രായത്തിൽ പതുക്കെ ക്രിക്കറ്റിനോട് ഗുഡ്ബൈ പറയുമെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ഗാവസ്‌കർ പറഞ്ഞു.

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിന് ശേഷം ധോണി പ്രൊഫഷണൽ മത്സരം കളിച്ചിട്ടില്ല. ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യൻ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവെന്ന് സെലക്ടർമാരടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മാർച്ച് 29 ന് നടക്കേണ്ടിയിരുന്ന ഐ പി എൽ ഏപ്രിൽ 15 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

വരുന്ന ആഴ്ച്ചകളിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ ഐ പി എൽ നടത്താൻ സാധിക്കുമെന്നും എന്നാൽ വിദേശ ക്രിക്കറ്റ് ബോർഡുകൾ അവരുടെ താരങ്ങളെ കളിക്കുവാൻ അനുവദിച്ചേക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലയെന്നും എന്നാൽ ജൂൺ ജൂലൈ മാസങ്ങളിൽ ഐ പി എൽ ഷെഡ്യൂൾ ചെയ്യാൻ സാധിക്കുമെന്നും ഗാവസ്‌കർ പറഞ്ഞു.