Skip to content

ഐ പി എല്ലിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ പിന്മാറി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ആരംഭിക്കാൻ ഏതാനും ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ ടൂർണമെന്റിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്‌സ് പിന്മാറി. ഡിസംബറിൽ നടന്ന താരലേലത്തിൽ 1.5 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് വോക്‌സിനെ സ്വന്തമാക്കിയത്. ഇതിനുമുൻപ് ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയും വോക്‌സ് കളിച്ചിട്ടുണ്ട്.

ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ക്രിസ് വോക്‌സ് ഈ സീസണിൽ നിന്നും പിന്മാറിയിരിക്കുന്നത്. ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ നിർണായക താരമായിരുന്ന വോക്‌സ് ആഷസ് പരമ്പരയിലും തുടർന്ന് ന്യൂസിലാൻഡ്, സൗത്താഫ്രിക്ക പര്യടനങ്ങളിലും ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നു. കൂടാതെ ശ്രീലങ്കയ്ക്കെതിരെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരം.

ക്രിസ് വോക്‌സിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡൽഹി ക്യാപിറ്റൽസ് ടീം മാനേജ്‌മെന്റ്.