Skip to content

ഇന്ത്യയെ മികച്ച ടീമെന്ന് വിളിക്കാൻ സാധിക്കില്ല ; വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇംഗ്ലണ്ടിലും ന്യൂസിലാൻഡിലും വിജയിക്കാതെ ഇന്ത്യയെ മികച്ച ടീമെന്ന് വിളിക്കുവാൻ സാധിക്കില്ലയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇന്ത്യ രണ്ടാം മത്സരത്തിലും തകർച്ചയോടെയാണ് തുടങ്ങിയത്. ഇതിനുപുറകെയായിരുന്നു കോഹ്ലിയെയും സംഘത്തെയും വിമർശിച്ച് വോൺ രംഗത്തെത്തിയത്.

” ബോൾ മൂവ് ചെയ്യുന്ന സാഹചര്യങ്ങളിൽ എങ്ങനെയാണ് കളിക്കേണ്ടതെന്ന് ഇന്ത്യയ്ക്ക് ന്യൂസിലാൻഡ് കാണിച്ചുകൊടുത്തു. ന്യൂസിലാൻഡിലും ഇംഗ്ലണ്ടിലും മത്സരങ്ങൾ വിജയിക്കാതെ മികച്ച ടീമായി ഇന്ത്യയെ കണക്കാക്കുവാൻ സാധിക്കില്ല. ” വോൺ ട്വിറ്ററിൽ കുറിച്ചു.

45 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജാമിസന്റെ മികവിലാണ് ഇന്ത്യയെ 242 റൺസിൽ ന്യൂസിലാൻഡ് ചുരുക്കികെട്ടിയത്. ടിം സൗത്തീയും ട്രെൻഡ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ വാഗ്നർ ഒരു വിക്കറ്റ് നേടി.

ഇന്ത്യയ്ക്ക് വേണ്ടി വിഹാരിയും പുജാരയും പൃഥ്വി ഷായും അർധസെഞ്ചുറി നേടി പുറത്തായി.

മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡ് വിക്കറ്റൊന്നും നഷ്ട്ടപെടാതെ 63 റൺസ് എടുത്തിട്ടുണ്ട്. 27 റൺസ് നേടിയ ടോം ലാതവും 29 റൺസ് നേടിയ ടോം ബ്ലൻഡലുമാണ് ക്രീസിലുള്ളത്.