Skip to content

കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഈ രണ്ട് താരങ്ങൾ ; തുറന്നുപറഞ്ഞ് ബാല്യകാല പരിശീലകൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സുമാണെന്ന് രാഹുലിന്റെ ബാല്യകാല പരിശീലകൻ സാമുവൽ ജയരാജ്. ഇന്ത്യയ്ക്ക് വേണ്ടി ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ മികച്ച പ്രകടനമാണ് കെ എൽ രാഹുൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 55 ന് മുകളിൽ ശരാശരിയിൽ 224 റൺസ് നേടിയ താരം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നൂറിന് മുകളിൽ ശരാശരിയിൽ 204 റൺസ് നേടിയിരുന്നു.

വിരാട് കോഹ്ലിയിൽ നിന്നും എ ബി ഡിവില്ലിയേഴ്സിൽ നിന്നും ഒരുപാട് നിർദ്ദേശങ്ങൾ കെ എൽ രാഹുലിന് ലഭിച്ചിരുന്നുവെന്നും ഇരുവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ രാഹുലിന് സാധിച്ചിട്ടുണ്ടെന്നും സാമുവൽ ജയരാജ് പറഞ്ഞു.

” എ ബി ഡിവില്ലിയേഴ്സിന് അവനെ കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്. കാരണം അദ്ധേഹവും ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ്. വിരാട് കോഹ്ലിയ്ക്കാകട്ടെ അവനിൽ വളരെയധികം ആത്മവിശ്വാസമുണ്ട്. അവൻ എത്രത്തോളം കഴിവുള്ള ബാറ്റ്‌സ്മാനാണെന്ന് കോഹ്ലിക്ക് ബോധ്യമുണ്ട്. ” സാമുവൽ ജയരാജ് കൂട്ടിച്ചേർത്തു.