Skip to content

വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

വിഡ്‌ഡൻ തിരഞ്ഞെടുത്ത ഈ ദശകത്തിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലിടം നേടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്, സൗത്താഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ, ഓസ്‌ട്രേലിയൻ വുമൺസ് ടീം ഓൾ റൗണ്ടർ എലിസ് പെറി എന്നിവരാണ് മറ്റു മൂന്ന് താരങ്ങൾ.

31 ക്കാരനായ കോഹ്ലി ഈ ദശകത്തിൽ മറ്റ് ബാറ്റ്സ്മാന്മാരേക്കാൾ 5775 റൺസും 22 അന്താരാഷ്ട്ര സെഞ്ചുറിയും അധികമായി നേടിയിട്ടുണ്ട്. നിലവിൽ മൂന്ന് ഫോർമാറ്റിലും 50 ന് മുകളിൽ ശരാശരിയുള്ള ഒരേയൊരു ബാറ്റ്സ്മാൻ കൂടിയായ കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ക്യാപ്റ്റൻ കൂടിയാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ ഡോൺ ബ്രാഡ്മാന് ശേഷം ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള സ്റ്റീവ് സ്മിത്ത് 71 ടെസ്റ്റ് മത്സരത്തിൽ നിന്നും 26 സെഞ്ചുറിയും 27 ഫിഫ്റ്റിയുമടക്കം 7070 റൺസ് നേടിയിട്ടുണ്ട്.

ലിസ്റ്റിലുള്ള ഒരേയൊരു വനിതാ ക്രിക്കറ്റർ കൂടിയായ എലിസ് പെറി ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ 223 മത്സരത്തിൽ നിന്നും 4023 റൺസും മൂന്ന് ഫോർമാറ്റിൽ നിന്നുമായി 289 വിക്കറ്റും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിൽ 1000 റൺസും നൂറ് വിക്കറ്റും നേടുന്ന ആദ്യ പ്ലേയർ കൂടിയാണ് എലിസ് പെറി.

മൂന്നാം വർഷത്തിനിടെ രണ്ടാം തവണ ഐസിസി വുമൺ മസ്‌ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കിയ പെറി ഈ വർഷത്തെ ഏറ്റവും മികച്ച ഏകദിന പ്ലേയറായും തിരഞ്ഞെടുക്കപെട്ടിരുന്നു.

ലിസ്റ്റിലിടം നേടിയ മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഡിവില്ലിയേഴ്സ് ആകട്ടെ 420 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഇരുപതിനായിരത്തിലധികം റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും 50 ന് മുകളിലാണ് ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് ശരാശരി.

ഡെയ്ൽ സ്റ്റെയ്ൻ സൗത്താഫ്രിക്കയ്ക്ക് വേണ്ടി 262 മത്സരങ്ങളിൽ നിന്നും 696 വിക്കറ്റുകൾ നേടിയിട്ടുണ്ട്.