Skip to content

ഇത്തരത്തിലൊരു കാഴ്ച്ച ക്രിക്കറ്റിൽ ഞാൻ കണ്ടിട്ടില്ല ; വിമർശനവുമായി വിരാട് കോഹ്ലി

ചെന്നൈ ഏകദിനത്തിൽ രവീന്ദ്ര ജഡേജയെ പുറത്താക്കിയ വിവാദ റണ്ണൗട്ടിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരശേഷമുള്ള അഭിമുഖത്തിലാണ് തന്റെ അമർഷം കോഹ്ലി തുറന്നുപറഞ്ഞത്.

ഇന്ത്യൻ ഇന്നിങ്സിലെ 48 ആം ഓവറിലാണ് ഈ നാടകീയ സംഭവം അരങ്ങേറുന്നത്. കീമോ പോൾ എറിഞ്ഞ നാലാം പന്തിൽ ജഡേജ അതിവേഗ സിംഗിളിന് ശ്രമിക്കുകയും പന്ത് കൈപിടിയിലൊതുക്കിയ ഫീൽഡർ റോസ്റ്റൻ ചേസ് ഡയറക്ട് ത്രോയിലൂടെ സ്റ്റമ്പിൽ കൊള്ളിക്കുമ്പോൾ ജഡേജ ക്രീസിന് വെളിയിലായിരുന്നു. എന്നാൽ അമ്പയറായ ഷോൺ ജോർജ് ആകട്ടെ ഔട്ട് വിളിക്കുകയോ തീരുമാനം തേർഡ് അമ്പയർക്ക് വിടുകയോ ചെയ്തില്ല. വിൻഡീസ് താരങ്ങളാകട്ടെ അപ്പീൽ ചെയ്തുമില്ല.. ബിഗ് സ്ക്രീനിൽ റിപ്ലെ കണ്ട ശേഷം ഓൺ ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് കൈമാറിയതും ജഡേജ പുറത്തായതും.

” ഫീൽഡർ ഔട്ടാണോ എന്ന് ചോദിച്ചപ്പോൾ അമ്പയർ അല്ലെന്നാണ് പറഞ്ഞത്. അക്കാര്യം അവിടെ തീരേണ്ടതാണ്. പുറത്തിരുന്ന് ടിവിയിൽ കാണുന്നവർക്ക് അമ്പയർമാരോട് വീണ്ടും റിവ്യൂ ചെയ്യാൻ ആവശ്യപെടാനാകില്ല. ഇത്തരത്തിലൊരു സംഭവം ഞാൻ ക്രിക്കറ്റിൽ കണ്ടിട്ടില്ല. ” വിരാട് കോഹ്ലി പറഞ്ഞു.

എന്നാൽ എന്തുതന്നെയായാലും ശരിയായ തീരുമാനമാണ് അമ്പയർ എടുത്തതെന്നും അതാണ് തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമെന്നും വെസ്റ്റിൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡ് വ്യക്തമാക്കി.

മത്സരത്തിൽ സെഞ്ചുറി നേടിയ ഹെറ്റ്മയറിന്റെയും ഷായ് ഹോപ്പിന്റെയും മികവിലാണ് വെസ്റ്റിൻഡീസ് എട്ട് വിക്കറ്റിന്റെ വിജയം നേടിയത്. ഇന്ത്യ ഉയർത്തിയ 288 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടക്കുകയായിരുന്നു.