Skip to content

ഒന്നല്ല ഇന്ത്യയ്ക്കെതിരെ രണ്ട് ഡേ നൈറ്റ് മത്സരങ്ങൾ ; ആവശ്യവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഒന്നിൽ കൂടുതൽ ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇതേപറ്റി അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിനിടെ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് espncricinfo റിപ്പോർട്ട് ചെയ്തു. ഇന്ത്യ അവരുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ അനായാസ വിജയം നേടിയതുകൊണ്ട് തന്നെ തങ്ങൾക്കെതിരെ ഒന്നോ അതിലധികമോ ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ തയ്യാറാകുമെന്ന് ഉറപ്പുണ്ടെന്നും ഇതിനെപറ്റി കൂടുതൽ ചർച്ചകൾ ബിസിസിഐയുമായി ജനുവരിയിൽ നടത്തുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയർമാൻ വ്യക്തമാക്കി.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 46 റൺസിനുമായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. മത്സരശേഷം പരിശീലന മത്സരം അനുവദിക്കുകയാണെങ്കിൽ ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു.

നേരത്തെ കഴിഞ്ഞ പര്യടനത്തിൽ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നതിൽ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. പുതുതായി സ്ഥാനമേറ്റ ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലിയുടെ ശക്തമായ ഇടപെടൽ മൂലമാണ് ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിന് വേദിയൊരുങ്ങിയത്.

പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ വിജയശേഷം ഇന്ത്യ അടുത്ത പര്യടനത്തിൽ തങ്ങൾക്കെതിരെ പിങ്ക് ബോൾ ടെസ്റ്റ് കളിക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ തുറന്നുപറഞ്ഞിരുന്നു.