വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 399 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് ഒരു സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കാം. 534 സിക്സ് നേടിയ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലും 476 സിക്സ് നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയും മാത്രമാണ് ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.
അന്താരാഷ്ട്ര ട്വന്റി20യിൽ 115 സിക്സ് ഇതുവരെ നേടിയിട്ടുള്ള രോഹിത് ശർമ്മ ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്സ്മാൻ കൂടിയാണ്. ഏകദിനത്തിൽ 218 മത്സരങ്ങളിൽ നിന്നും 232 സിക്സ് നേടിയിട്ടുള്ള ഹിറ്റ്മാൻ 32 ടെസ്റ്റ് മത്സരത്തിൽ നിന്നും 52 സിക്സും നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്സ്മാന്മാർ
ക്രിസ് ഗെയ്ൽ – 534
ഷാഹിദ് അഫ്രീദി – 476
രോഹിത് ശർമ്മ- 399
ബ്രണ്ടൻ മക്കല്ലം – 398
എം എസ് ധോണി – 359