Skip to content

ഏകദിനത്തിലും ടി20യിലും ആരായിരിക്കും ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാൻ ചീഫ് സെലക്ടർ പറയുന്നു

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീം നേരിടുന്ന പ്രധാന വെല്ലുവിളിയായിരുന്നു നാലാം നമ്പർ ബാറ്റ്സ്മാന്റെ പോരായ്മ. അജിങ്ക്യ രഹാനെയും അമ്പാട്ടി റായുഡുവും നിലവിലെ വിക്കറ്റ് കീപ്പർ റിഷാബ് പന്തുമടക്കം നിരവധി താരങ്ങളെ നാലാം നമ്പറിൽ ഇന്ത്യൻ പരീക്ഷിച്ചുവെങ്കിലും ഒന്നും തന്നെ വിജയം കണ്ടിരുന്നില്ല. നാലാം നമ്പറിൽ ആരെന്ന ചോദ്യത്തിന് യുവതാരം ശ്രേയസ് അയ്യരിലൂടെ പരിഹാരം കാണാനാകുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ചീഫ് എം എസ് കെ പ്രസാദ്.

2017 ൽ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലാണ് ശ്രേയസ് അയ്യർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന തന്റെ ആദ്യ ഏകദിന പരമ്പരയിൽ തുടർച്ചയായി ഫിഫ്റ്റി നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച അയ്യർ പിന്നീട് സൗത്താഫ്രിയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യയ്ക്കായി കളിച്ചു. എന്നാൽ പിന്നീട് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട താരം ലോകകപ്പിന് ശേഷം വിൻഡീശിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് ടീമിൽ തിരിച്ചെത്തിയത്.

” ഒന്നരവർഷം മുൻപ് ഏകദിന ടീമിൽ ശ്രേയസ് അയ്യർക്ക് ഞങ്ങൾ അവസരം നൽകിയിരുന്നു മികച്ച പ്രകടനമാണ് അന്നവൻ കാഴ്ച്ചവെച്ചത്. എന്നാൽ നിർഭാഗ്യവശാൽ അവന് ടീമിൽ തുടരാൻ സാധിച്ചില്ല. എന്നാൽ ഇപ്പോഴവൻ മികച്ച പ്ലേയറായി മാറികഴിഞ്ഞു. ഏകദിനത്തിലും ടി20യിലും നാലാം നമ്പർ സ്ലോട്ടിന് പരിഹാരമാകാൻ അവന് സാധിക്കും ” എം എസ് കെ പ്രസാദ് പറഞ്ഞു..