Skip to content

ഗാബയിൽ ഏറ്റുമുട്ടാൻ തയ്യാറാണോ ? കോഹ്ലിക്ക് ഓസ്‌ട്രേലിയൻ ക്യാപ്റ്റന്റെ ഒളിയമ്പ്

പാകിസ്ഥാനെതിരായ തകർപ്പൻ വിജയത്തോടെ ബ്രിസ്ബൻ ഗാബ സ്റ്റേഡിയത്തിലെ തങ്ങളുടെ റെക്കോർഡ് കാത്തുസൂക്ഷിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. 1988 മുതൽ ഗാബയിൽ ഒരു ടെസ്റ്റ് മത്സരത്തിൽ പോലും ഓസ്‌ട്രേലിയ പരാജയപെട്ടിട്ടില്ല. ഏറെക്കാലമായി ഗാബ സ്റ്റേഡിയത്തിലാണ് സമ്മറിൽ ഓസ്‌ട്രേലിയ തങ്ങളുടെ ഹോം ടെസ്റ്റ് സീരീസിന് തുടക്കം കുറിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സമ്മറിൽ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഗാബയിൽ കളിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനെ തുടർന്ന് ആദ്യ മത്സരം അഡ്ലെയ്ഡിലേക്ക് മാറ്റിയിരുന്നു. മത്സരത്തിലാകട്ടെ 2008 ന് ഓസ്‌ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയം നേടിയ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു..

അടുത്ത വർഷം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഗാബയിൽ തുടക്കം കുറിക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അതിന് കോഹ്ലി കൂടെ സമ്മതം മൂളണമെന്നും ഏതെങ്കിലും ഒരു ഘട്ടത്തിൽ കോഹ്‌ലിയിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നുവെന്നും പാകിസ്ഥാനെതിരായ മത്സരശേഷം പെയ്ൻ വ്യക്തമാക്കി.

” ഇവിടെ തന്നെയാണ് സമ്മർ ആരംഭിക്കാൻ ഞങ്ങൾ ഇഷ്ട്ടപെടുന്നത്. കഴിഞ്ഞ സമ്മറിലൊഴികെ കുറെ കാലമായി ഇവിടെയാണ് ഓസ്‌ട്രേലിയൻ സമ്മർ ആരംഭിക്കുന്നത്. അതുകൊണ്ട് മുൻപ് പറഞ്ഞതുപോലെ ഇവിടെ കളിക്കുവാൻ കോഹ്ലിയുടെ അനുവാദം ഞങ്ങൾ ചോദിക്കും. കോഹ്ലി നല്ല മൂഡിലാണെങ്കിൽ പിങ്ക് ബോൾ ടെസ്റ്റും ലഭിച്ചേക്കാം ” ടിം പെയ്ൻ കൂട്ടിച്ചേർത്തു.