Skip to content

വീണ്ടും പ്രായത്തെ തോൽപ്പിച്ച് ഷെയ്ൻ വാട്സൻ 25 പന്തിൽ നിന്നും നേടിയത് 41 റൺസ്

വീണ്ടും പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഷെയ്ൻ വാട്സൻ. അബുദാബി ടി10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സിനെതിരായ മത്സരത്തിലാണ് വാട്സൻ തകർത്താടിയത്. മത്സരത്തിൽ 109 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡെക്കാനായി ക്യാപ്റ്റൻ കൂടിയായ വാട്സൻ 25 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 41 റൺസ് അടിച്ചുകൂട്ടി. 11 പന്തിൽ 27 റൺസ് നേടിയ ന്യൂസിലാൻഡ് താരം ഡേവ്സിച്ചും തകർത്തടിച്ചതോടെ വിജയലക്ഷ്യം അവസാന ഓവറിലെ അഞ്ചാം പന്തിൽ മറികടന്ന ഡെക്കാൻ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

നേരത്തെ ഓയിൻ മോർഗൻ നയിക്കുന്ന ഡൽഹി ബുൾസിനെതിരായ മത്സരത്തിൽ 31 പന്തിൽ പുറത്താകാതെ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 57 റൺസ് വാട്സൻ നേടിയിരുന്നു. രണ്ട് മത്സരത്തിൽ നിന്നും 98 റൺസ് നേടിയ വാട്സൻ തന്നെയാണ് നിലവിൽ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ.

കഴിഞ്ഞ ദിവസം ഐ പി എല്ലിൽ തന്നെ നിലനിർത്തിയ ചെന്നൈ സൂപ്പർ കിങ്‌സിന്റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് വാട്സൻ കാഴ്ച്ചവെയ്ക്കുന്നത്. ഈ ഫോം വാട്സണ് തുടരാൻ സാധിച്ചാൽ ചെന്നൈയെ പിടിച്ചുകെട്ടാൻ മറ്റു ടീമുകൾ അൽപ്പം വിയർക്കേണ്ടി വരുമെന്ന കാര്യം തീർച്ച.