Skip to content

മുൻ പാകിസ്ഥാൻ പരിശീലകൻ ശ്രീലങ്കൻ കോച്ചായേക്കും

മുൻ സൗത്താഫ്രിക്കൻ താരവും പാകിസ്ഥാൻ പരിശീലകനുമായിരുന്ന മിക്കി ആർതർ ശ്രീലങ്കൻ കോച്ചായേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലയെങ്കിലും പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി മിക്കി ആർതർ ആർതർ ശ്രീലങ്കൻ പരിശീലകനായി സ്ഥാനമേറ്റെടുക്കുമെന്നും ആർതറുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ മിക്കി ആർതറുമായി കരാറിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സി ഇ ഒ ആഷ്ലി ഡി സിൽവ വ്യക്തമാക്കി.

2017 പാകിസ്ഥാന് ചാമ്പ്യൻസ് ട്രോഫി നേടികൊടുത്ത ആർതർ ഐസിസി ടി20 റാങ്കിങിൽ ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ചിരുന്നു. എന്നാൽ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ആർതറെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ ഒഴിവാക്കുകയായിരുന്നു. മുൻ ക്യാപ്റ്റൻ കൂടിയായ മിസ്ബ ഉൾ ഹഖാണ് നിലവിലെ പാകിസ്ഥാൻ പരിശീലകൻ. മിക്കി ആർതർ സ്ഥാനമൊഴിഞ്ഞ ശേഷം ഒരു മത്സരം പോലും വിജയിക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല.

പാകിസ്ഥാനെ കൂടാതെ ഇതിനുമുൻപ് സൗത്താഫ്രിക്കയുടെയും ഓസ്‌ട്രേലിയയുടെയും പരിശീലകനായിരുന്നു മിക്കി ആർതർ.