Skip to content

ഹീറോയായി ഷാമി ; ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇൻഡോർ ടെസ്റ്റ് ; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 130 റൺസിന്റെയും തകർപ്പൻ വിജയം. 343 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 213 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയും മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ബംഗ്ലാദേശിനെ തകത്തത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി.

64 റൺസ് നേടിയ മുഷ്ഫിഖുർ റഹിം മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. വിക്കറ്റ് കീപ്പർ ലിറ്റൺ ദാസ് 35 റൺസും മെഹിദി ഹസൻ 38 റൺസും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 493 റൺസ് നേടി ഡിക്ലയർ ചെയ്തിരുന്നു. 243 റൺസ് നേടിയ മായങ്ക് അഗർവാൾ, 86 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, 60 റൺസ് നേടിയ രവീന്ദ്ര ജഡേജ, 54 റൺസ് നേടിയ ചേതേശ്വർ പുജാര എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്.