ഏകദിന ക്രിക്കറ്റിൽ 2000 റൺസ് പൂർത്തിയാക്കി സ്‌മൃതി മന്ദാന ; സ്വന്തമാക്കിയത് ഈ റെക്കോർഡ്
Smriti Mamdhana has passes 2000 ODI runs
ഏകദിന ക്രിക്കറ്റിൽ 2000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ വുമൺസ് ടീം ഓപ്പണർ സ്‌മൃതി മന്ദാന. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് 2000 ഏകദിന റൺസെന്ന നാഴികക്കല്ല് മന്ദാന പിന്നിട്ടത്. 51 ഇന്നിങ്സിൽ നിന്നും ഈ നേട്ടത്തിലെത്തിയ മന്ദാന ഏറ്റവും വേഗത്തിൽ ഏകദിന ക്രിക്കറ്റിൽ 2000 റൺസ് നേടുന്ന മൂന്നാമത്തെ വനിതാ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
മുൻ ഓസ്‌ട്രേലിയൻ താരം ബെലിൻഡ ക്ലാർക്ക് (41 ഇന്നിങ്സ്) , നിലവിലെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാന്നിങ് (45 ഇന്നിങ്സ്) എന്നിവരാണ് സ്‌മൃതി മന്ദാനയ്ക്ക് മുൻപിൽ ഏറ്റവും വേഗത്തിൽ ഏകദിന ക്രിക്കറ്റിൽ 2000 റൺസ് പൂർത്തിയാക്കിയ വനിതാ താരങ്ങൾ.
ഏകദിന ക്രിക്കറ്റിൽ 2000 റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വുമൺസ് ക്രിക്കറ്റർ കൂടിയാണ് സ്‌മൃതി മന്ദാന. മിതാലി രാജ്, അഞ്ചും ചോപ്ര, ഹർമൻപ്രീത് കൗർ, ജയ ശർമ്മ എന്നിവരാണ് മന്ദാനയ്ക്ക് മുൻപ് ഈ നാഴികകല്ല് പിന്നിട്ട ഇന്ത്യൻ വനിതകൾ.