Skip to content

ഉയരം എട്ടടി രണ്ടിഞ്ച് താമസസ്ഥലം കിട്ടാനാകാതെ വിഷമിച്ച് അഫ്ഘാനിസ്ഥാൻ ആരാധകൻ ; ഒടുവിൽ സഹായിച്ചത് പൊലീസ്

ഉയരകൂടുതൽ കാരണം താമസസ്ഥലം കിട്ടാനാകാതെ വിഷമിച്ച അഫ്ഘാനിസ്ഥാൻ ആരാധകന് തുണയായി ലക്നൗ പോലീസ്. ലക്നൗവിൽ നടക്കുന്ന അഫ്ഘാനിസ്ഥാനും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പര കാണാനെത്തിയ അഫ്ഘാനിസ്ഥാൻ ആരാധകനായ എട്ടടി രണ്ടിഞ്ച് ഉയരമുള്ള ഷേർ ഖാന് അസാധാരണ ഉയരം മൂലം ഹോട്ടലിലും ഹോസ്റ്റലിലും താമസസ്ഥലം നിഷേധിക്കുകയായിരുന്നു. താമസസ്ഥലം കണ്ടുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപെട്ടതോടെ ഷേർ ഖാൻ ലക്നൗ നാക പൊലീസിന്റെ സഹായം തേടുകയും രേഖകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയ പോലീസ് ഷേർ ഖാന് താമസസ്ഥലം ഒരുക്കിനൽകുകയും ചെയ്തു.

എന്നാൽ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടാൻ റാഷിദ് ഖാനും കൂട്ടർക്കും സാധിച്ചില്ല. അഫ്ഘാനിസ്ഥാൻ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം 46.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്ന വെസ്റ്റിൻഡീസ് ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. 94 റൺസ് നേടിയ റോസ്റ്റൺ ചേസും 77 റൺസ് നേടിയ ഷായ് ഹോപ്പുമാണ് വിൻഡീസിന് വിജയം നേടിക്കൊടുത്തത്. നവംബർ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം.

നീണ്ട 30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലക്നൗ അന്താരാഷ്ട്ര ഏകദിനത്തിന് വേദിയാകുന്നത്. 1989 ൽ ശ്രീലങ്കയും പാകിസ്ഥാനും തമ്മിലായിരുന്നു ലക്നൗവിലെ അവസാന ഏകദിന മത്സരം.