Skip to content

സർഫറാസിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു ; ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും താരം പുറത്ത്

പാകിസ്ഥാൻ ടെസ്റ്റ്, ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും സർഫറാസ് അഹമ്മദ്‌ പുറത്ത്. പാകിസ്ഥാനിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ പൂർണപരാജയത്തിന് പുറകെയാണ് ട്വന്റി20 ടെസ്റ്റ് ഫോർമാറ്റിൽ നായകസ്ഥാനത്തുനിന്നും സർഫറാസിനെ പുറത്താക്കിയത്. ഇതിന് പുറകെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ സർഫറാസിനെ ടീം മാനേജ്‌മെന്റ് ഒഴിവാക്കി.

സീനിയർ ബാറ്റ്സ്മാൻ അസർ അലിയാകും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെ നയിക്കുക. ബാബർ അസമായിരിക്കും ട്വന്റി20യിൽ പാകിസ്ഥാനെ നയിക്കുക.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലുമുള്ള മോശം പ്രകടനത്തെ തുടർന്നാണ് സർഫറാസ് അഹമ്മദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പാക് ക്രിക്കറ്റ് ബോർഡ് പുറത്താക്കിയത്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ സെമിഫൈനൽ കാണാതെ ടീം പുറത്തായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ 73 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പുതിയ ക്യാപ്റ്റൻ അസർ അലി 15 സെഞ്ചുറിയും 31 ഫിഫ്റ്റിയുമടക്കം 5669 റൺസ് പാകിസ്ഥാന് വേണ്ടി നേടിയിട്ടുണ്ട്. ബാബർ അസമാകട്ടെ ട്വന്റി20 റാങ്കിങ്ങിൽ നിലവിലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ കൂടിയാണ്. മൂന്ന് ട്വന്റി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഓസ്‌ട്രേലിയൻ പര്യടനത്തിൽ പാകിസ്ഥാൻ കളിക്കും .