Skip to content

ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി

ദി ഹൻഡ്രഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഇന്ത്യൻ സീനിയർ സ്പിന്നർ ഹർഭജൻ സിങ് പിന്മാറി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിതന്നെ താൻ കളിക്കുമെന്നും ബിസിസിഐയുടെ നിയമങ്ങളെ ലംഘിക്കാൻ തയ്യാറല്ലെന്നും ഹർഭജൻ സിങ് വ്യക്തമാക്കി.

ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്‌ നടത്തുന്ന ഹൻഡ്രഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിനുള്ള താരലേലത്തിൽ ഒരു ലക്ഷം പൗണ്ടായിരുന്നു ഹർഭജൻ സിങിന്റെ വിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ബിസിസിഐ നിയമപ്രകാരം ഔദ്യോഗികമായി വിരമിക്കാതെ ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല. ഹർഭജൻ സിങ് ആകട്ടെ ലീഗിൽ താല്പര്യം പ്രകടിപ്പിക്കുന്നതിന് മുൻപ് ബിസിസിഐയിൽ നിന്നും അനുവാദം വാങ്ങിയിരുന്നില്ല. ഇതിനെതുടർന്ന് താരം ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലനിന്നിരുന്നു.

തനിക്ക് പ്രാധാന്യം ഐ പി എല്ലും ചെന്നൈ സൂപ്പർ കിങ്സുമാണെന്നും ചെന്നൈയ്ക്കൊപ്പം കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് രണ്ട് ഫൈനലിലും കളിക്കാൻ സാധിച്ചുവെന്നും മൂന്നാം സീസണിലും അത് തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹർഭജൻ സിങ് പറഞ്ഞു.

ഹൻഡ്രഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ആ ആശയത്തിൽ താല്പര്യം തോന്നിയെന്നും നിയമം അനുവദിച്ചാൽ തീർച്ചയായും ലീഗിൽ കളിക്കുമെന്നും ഹർഭജൻ സിങ് കൂട്ടിച്ചേർത്തു..