Skip to content

രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ ; വെസ്റ്റിൻഡീസിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ പിടിമുറുക്കുന്നു. 468 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 45 റൺസ് നേടിയിട്ടുണ്ട്. 4 റൺസ് നേടിയ ബ്രൂക്ക്സ്, 18 റൺസ് നേടിയ ഡാരൻ ബ്രാവോ എന്നിവരാണ് ക്രീസിലുള്ളത്. 16 റൺസ് നേടിയ ക്യാമ്പൽ 3 റൺ നേടിയ ബ്രാത്വെയ്റ്റ് എന്നിവരുടെ വിക്കറ്റാണ് വിൻഡീസിന് നഷ്ട്ടമായത്. ഇഷാന്ത് ശർമ്മയും മൊഹമ്മദ് ഷാമിയുമാണ് വിക്കറ്റുകൾ നേടിയത്.

നേരത്തെ രണ്ടാം ഇന്നിങ്സിൽ 299 റൺസിന്റെ കൂറ്റൻ ലീഡുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 168 റൺസ് നേടി ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 64 റൺസും വിഹാരി 53 റൺസും നേടി പുറത്താകാതെ നിന്നു. കെ എൽ രാഹുൽ (6), മായങ്ക് അഗർവാൾ (4), ചേതേശ്വർ പുജാര (27), വിരാട് കോഹ്ലി (0) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.

ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 117 റൺസിന് പുറത്തായിരുന്നു. ഹാട്രിക് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും ചേർന്നാണ് വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടിയത്. ജഡേജയും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റ് വീതം നേടി.