Skip to content

സൂപ്പറോവറിന് മുൻപ് ആർച്ചറോട് സൂചിപ്പിച്ചത് ഇക്കാര്യം

ബെൻ സ്റ്റോക്‌സിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലാൻഡിനെതിരായ ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ട് വിജയം നേടിയത്. 242 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ 86 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ 98 പന്തിൽ 84 റൺസ് നേടി പുറത്താകാതെ നിന്ന സ്റ്റോക്‌സാണ് പരാജയത്തിൽ നിന്നും കരകയറ്റിയത്. സൂപ്പറോവറിൽ ജോസ് ബട്ട്ലർക്കൊപ്പം ബാറ്റിങ്ങിനിറങ്ങിയ സ്റ്റോക്‌സ് 15 റൺസും ടീമിന് സമ്മാനിച്ചു. ന്യൂസിലാൻഡിന് വിജയിക്കാൻ 16 റൺസ് വേണമെന്നിരിക്കെ യുവതാരം ജോഫ്രാ ആർച്ചറാണ് ഇംഗ്ലണ്ടിന് വേണ്ടി സൂപ്പറോവർ എറിഞ്ഞത്. ഓവർ എറിയാനെത്തിയ ആർച്ചർക്ക് താൻ നൽകിയ ഉപദേശം മത്സരശേഷം സ്റ്റാർ സ്പോർട്സിന് സംസാരിക്കവെ ബെൻ സ്റ്റോക്‌സ് വ്യക്തമാക്കി.

” സൂപ്പർ ഓവർ എറിയുന്നതിന് മുൻപ് ജോഫ്രാ ആർച്ചറിനോട് പറഞ്ഞത് ഇക്കാര്യമാണ് ‘ ഇവിടെ നിന്ന് എന്തുസംഭവിക്കുകയാണെങ്കിലും അതായിരിക്കില്ല നിന്റെ കരിയറിനെ നിർവചിക്കുന്നത് ‘ കാരണം ദുഷ്കരമായ സമയത്തിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ” ബെൻ സ്റ്റോക്‌സ് പറഞ്ഞു.

2016 വേൾഡ് ടി20 ഫൈനലിൽ അവസാന ഓവറിൽ 19 റൺസ് വേണമെന്നിരിക്കെ അവസാന ഓവർ എറിയാനെത്തിയ സ്റ്റോക്‌സിനെതിരെ തുടർച്ചയായി നാല് സിക്സ് നേടി കാർലോസ് ബ്രാത്വെയ്റ്റ് വെസ്റ്റിൻഡീസിനെ വിജയത്തിലെത്തിച്ചിരുന്നു. നിരവധി വിമർശനങ്ങളാണ് ആ മത്സരത്തിന് ശേഷം ബെൻ സ്റ്റോക്‌സ് ഏറ്റുവാങ്ങിയത്.