Skip to content

ബംഗ്ലാദേശ് പൊരുതിതോറ്റു ; ഓസ്‌ട്രേലിയക്ക് 48 റൺസിന്റെ വിജയം

ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് 48 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 382 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 333 റൺസ് നേടാനെ സാധിച്ചുള്ളൂ. ബംഗ്ലാദേശിന് വേണ്ടി വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹിം 97 പന്തിൽ 102 റൺസും മഹ്മദുള്ള 50 പന്തിൽ 69 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. 74 പന്തിൽ 62 റൺസ് നേടിയ തമീം ഇക്ബാലും 41 പന്തിൽ 41 റൺസ് നേടിയ ഷാക്കിബ്‌ അൽ ഹസനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, കോൾട്ടർ നൈൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ആഡം സാംപ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 147 പന്തിൽ 166 റൺസ് നേടിയ ഡേവിഡ് വാർണറുടെയും 72 പന്തിൽ 89 റൺസ് നേടിയ ഉസ്മാൻ ഖവാജയുടെയും 51 പന്തിൽ 53 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും 10 പന്തിൽ 32 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. വിജയത്തോടെ ഓസ്‌ട്രേലിയ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.