Skip to content

വീണ്ടും ഇന്ത്യൻ വീര്യത്തിന് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ ; ഇന്ത്യ നേടിയത് 89 റൺസിന്റെ തകർപ്പൻ വിജയം

ഏഴാം ലോകകപ്പ് മത്സരത്തിലും ഇന്ത്യയ്ക്ക് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ. മാഞ്ചസ്റ്ററിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുൻപിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനായിരുന്നു വിരാട് കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് നേടിനിൽക്കവെയാണ് മഴവീണ്ടും രസംകൊല്ലിയായി എത്തിയത്. തുടർന്ന് മഴ ശമിച്ചശേഷം പുനരാരംഭിച്ച മത്സരത്തിൽ 40 ഓവറിൽ 301 റൺസെന്ന വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് നിശ്ചിത 40 ഓവറിൽ ആറ്‌ വിക്കറ്റ് നഷ്ട്ടത്തിൽ 212 റൺസ് നേടാനെ സാധിച്ചുള്ളൂ.

75 പന്തിൽ 62 റൺസ് നേടിയ ഫഖാർ സമാനും 57 പന്തിൽ 48 റൺസ് നേടിയ ബാബർ അസമും 39 പന്തിൽ 46 റൺസ് നേടിയ ഇമാദ് വാസിമും മാത്രമേ പാകിസ്ഥാന് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.

ഇന്ത്യയ്ക്ക് വേണ്ടി ഹർദിക് പാണ്ഡ്യ, വിജയ് ശങ്കർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.