Skip to content

അഫ്ഘാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ലോകകപ്പിലെ 2019 ലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ 34 റൺസിന്റെ വിജയമാണ് ശ്രീലങ്ക നേടിയത്. മഴ തടസ്സപെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 36.5 ഓവറിൽ 201 റൺസിന് പുറത്തായി. എന്നാൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 187 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഘാനിസ്ഥാന് 32.4 ഓവറിൽ 152 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ശ്രീലങ്കയ്ക്ക് വേണ്ടി നുവാൻ പ്രദീപ് നാല് വിക്കറ്റും ലസിത് മലിംഗ മൂന്ന് വിക്കറ്റും ഉഡാന, തിസാര പെരേര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

25 പന്തിൽ 30 റൺസ് നേടിയ ഹസ്രതുള്ള സസായിയും 56 പന്തിൽ 43 റൺസ് നേടിയ നജിബുള്ള സദ്രാനും മാത്രമേ അഫ്ഘാനിസ്ഥാന് വേണ്ടി തിളങ്ങിയുള്ളൂ .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഒരോവറിൽ മൂന്ന് വിക്കറ്റ് അടക്കം നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് നബിയാണ് തകർത്തത്. 81 പന്തിൽ 78 റൺസ് നേടിയ കുശാൽ പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ.