Skip to content

ഓസ്‌ട്രേലിയക്ക് ആശ്വാസം ; ആദ്യ മത്സരത്തിൽ ഡേവിഡ് വാർണർ കളിക്കും

ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ആശ്വാസവാർത്ത. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താക്കൾ വ്യക്തമാക്കി. പരിക്ക് മൂലം ശ്രീലങ്കയ്ക്കെതിരായ പരിശീലന മത്സരത്തിൽ കളിക്കാതിരുന്ന ഡേവിഡ് വാർണർ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മത്സരത്തിൽ ഉസ്മാൻ ഖവാജയാണ് വാർണർക്ക് പകരക്കാരനായി ഫിഞ്ചിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത് . 89 റൺസ് നേടിയ ഖവാജ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തിരുന്നു. ബ്രിസ്റ്റോളിൽ നടന്ന പരിശീലനത്തിൽ ഫീൽഡിങിനായി വാർണർ ഇറങ്ങിയിരുന്നില്ല.

എന്നാൽ ഇപ്പോഴും വാർണർ ഓപണിങ് ഇറങ്ങുമോ അതോ രണ്ടാമനായി ഇറങ്ങുമോ എന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടില്ല.

പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയ വാർണർ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കാഴ്ച്ചവെച്ചത്. 12 മത്സരത്തിൽ നിന്നും 692 റൺസ് നേടിയ വാർണറായിരുന്നു ഓറഞ്ച് ക്യാപും സ്വന്തമാക്കിയത്.