Skip to content

സ്റ്റീവ് സ്മിത്തിന്റെയും വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് ആപത്ത്

കിരീടസാധ്യതയിൽ മുൻതൂക്കമില്ലെങ്കിലും സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് അശുഭസൂചനയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിട്ട ഒരു വർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ഇരുവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 692 റൺസ് വാർണർ അടിച്ചുകൂട്ടിയപ്പോൾ ന്യൂസിലാൻഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടി സ്റ്റീവ് സ്മിത്തും ഫോമിൽ തിരിച്ചെത്തിയിരുന്നു.

” മറ്റു ടീമുകളെല്ലാം ഓസ്‌ട്രേലിയക്കെതിരെ ജാഗരൂഗരായിരിക്കും. ഓസ്‌ട്രേലിയൻ ടീമിന്റെ കഴിവിനെ പറ്റി അവർക്കറിയാം. കഴിഞ്ഞ 12 മാസത്തിനിടയിൽ മോശം പ്രകടനമാണ് ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചത്. എന്നാൽ അതിപ്പോൾ നമുക്ക് മാറ്റിവെയ്ക്കാം. ഞങ്ങളുടെ മികച്ച താരങ്ങൾ തിരിച്ചെത്തിയിരിക്കുന്നു. ” സ്റ്റീവ് വോ പറഞ്ഞു.

2018 ന്റെ തുടക്കത്തിൽ അവസാന പതിനെട്ട് ഏകദിന മത്സരത്തിൽ നിന്നും മൂന്ന് വിജയം മാത്രമായിരുന്നു ഓസ്‌ട്രേലിയ നേടിയത്. എന്നാൽ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപെട്ട ശേഷം അവസാന മൂന്ന് മത്സരങ്ങൾ വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയ പാകിസ്ഥാനെതിരെ പരമ്പര 5-0 ന് തൂത്തുവാരുകയും ചെയ്തിരുന്നു.