Skip to content

359 റൺസിന്റെ വിജയലക്ഷ്യം 45 ആം ഓവറിൽ മറികടന്ന് ഇംഗ്ലണ്ട് ; തകർത്താടിയത് ജോണി ബെയർസ്റ്റോ

ജോണി ബെയർസ്റ്റോയുടെ സെഞ്ചുറി മികവിൽ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ട് 44.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. തകർപ്പൻ തുടക്കമാണ് ബെയർസ്റ്റോയും ജേസൺ റോയും ചേർന്ന് ഇംഗ്ലണ്ടിന് നൽകിയത്. പതിനാറാം ഓവറിൽ സ്കോർ 150 കടത്തിയ ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 159 റൺസ് കൂട്ടിച്ചേർത്തു. റോയ് 55 പന്തിൽ 76 റൺസ് നേടിയപ്പോൾ ബെയർസ്റ്റോ 93 പന്തിൽ 128 റൺസ് നേടി. 15 ഫോറും അഞ്ച് സിക്സും ബെയർസ്റ്റോയുടെ ബാറ്റിൽ നിന്നും പിറന്നു. 36 പന്തിൽ 43 റൺസ് നേടിയ ജോ റൂട്ട്, 37 റൺസ് നേടിയ ബെൻ സ്റ്റോക്‌സ്, പുറത്താകാതെ 36 പന്തിൽ 46 റൺസ് നേടിയ മൊയീൻ അലി, 12 പന്തിൽ 17 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗൻ എന്നിവരും മികച്ച പിന്തുണ നൽകി.

ജുനൈദ് ഖാൻ, ഇമാദ് വാസിം, ഫഹീം അഷ്‌റഫ് എന്നിവർ പാകിസ്ഥാന് വേണ്ടി ഓരോ വിക്കറ്റുകൾ വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 131 പന്തിൽ 151 റൺസ് നേടിയ ഇമാം ഉൾ ഹഖിന്റെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്.

വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-0 ന് മുൻപിലെത്തി.