Skip to content

വാർണർ ബെയർസ്റ്റോ മികവിൽ വീണ്ടും സൺറൈസേഴ്‌സ് – മത്സരത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. കൊൽക്കത്ത ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 15 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു. സൺറൈസേഴ്‌സിന് ഡേവിഡ് വാർണർ 38 പന്തിൽ 67 റൺസ് നേടി പുറത്തായപ്പോൾ ജോണി ബെയർസ്റ്റോ 43 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ പിറന്ന റെക്കോർഡുകൾ കാണാം…

1. 30പന്തുകൾ ശേഷിക്കെയാണ് വിജയലക്ഷ്യം സൺറൈസേഴ്‌സ് ഹൈദരാബാദ് മറികടന്നത്. ഇതാദ്യമായാണ് അവർ 150 ൽ കൂടുതൽ വിജയലക്ഷ്യം മൂന്നോ അതിൽ കൂടുതലോ ഓവർ ബാക്കിനിൽക്കെ വിജയകരമായി മറികടക്കുന്നത്. ഐ പി എൽ ചരിത്രത്തിൽ ഇത് നാലാം തവണയാണ് ഒരു ടീം 160 + വിജയലക്ഷ്യം അഞ്ചോവറോ അതിൽ കൂടുതലോ ബാക്കിനിൽക്കെ മറികടക്കുന്നത് .

2. 786 റൺസ് ഈ സീസണിൽ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും ഓപ്പണിങ് കൂട്ടുകെട്ടിൽ അടിച്ചുകൂട്ടി. ഇതോടെ ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണിങ് ജോഡിയായി ഇരുവരും മാറി.

3. 2014 മുതൽ കളിച്ച എല്ലാ സീസണിലും 500 ൽ കൂടുതൽ റൺസ് നേടാൻ ഡേവിഡ് വാർണർക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ വിരാട് കോഹ്ലിക്ക് ശേഷം ഐ പി എല്ലിൽ അഞ്ച് സീസണിൽ 500 ൽ കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനായി വാർണർ മാറി.

4. ഈ സീസണിലെ വാർണറിന്റെ തുടർച്ചയായ നാലാം ഫിഫ്റ്റി കൂടിയായരുന്നു ഇന്ന് പിറന്നത്. ഇതോടെ കെയ്ൻ വില്യംസണ് ശേഷം ഐ പി എല്ലിൽ തുടർച്ചയായി നാല് ഫിഫ്റ്റി നേടുന്ന സൺറൈസേഴ്‌സ് ബാറ്റ്‌സ്മാനെന്ന നേട്ടം വാർണർ സ്വന്തമാക്കി.

5. 45 പന്തിൽ നിന്നാണ് മത്സരത്തിൽ ക്രിസ് ലിൻ ഫിഫ്റ്റി നേടിയത്. ട്വന്റി20യിലെ ലിന്നിന്റെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയാണിത്.