Skip to content

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിന് പുറകെ സെലക്ടർമാരെ പരിഹസിച്ച് അമ്പാട്ടി റായുഡു

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിന് പുറകെ ട്വിറ്ററിൽ സെലക്ടർമാരെ ട്രോളി ഇന്ത്യൻ ബാറ്റ്‌സ്മാൻ അമ്പാട്ടി റായുഡു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്‌സ്മാനായി റായുഡവിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം വിജയ് ശങ്കറിനെ മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. വിജയ് ശങ്കർ ത്രീ ഡൈമൻഷണൽ കഴിവുകൾ ഉള്ള താരമാണെന്നും അതുകൊണ്ടാണ് അമ്പാട്ടി റായുഡുവിന് പകരക്കാരനായി ശങ്കറിനെ ഉൾപെടുത്തിയതെന്നും വാർത്താ സമ്മേളനത്തിൽ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ് പറഞ്ഞിരുന്നു. അതിന് മറുപടിയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ റായുഡു പങ്കുവെച്ചത്.

https://twitter.com/RayuduAmbati/status/1118108435797561344?s=19

ലോകകപ്പ് കാണുവാൻ ത്രീ ഡി ഗ്ലാസുകൾ ഇപ്പോൾ തന്നെ ഓർഡർ ചെയ്തുവെന്നാണ് ട്വിറ്റർ അകൗണ്ടിലൂടെ റായഡു പങ്കുവെച്ചത് .

നാലാം നമ്പർ ബാറ്റ്‌സ്മാനായി ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ റായുഡുവിന് സാധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ പര്യടനത്തിലും ന്യൂസിലാൻഡ് പര്യടനത്തിലും 40 ന് മുകളിലായിരുന്നു റായുഡുവിന്റെ ബാറ്റിങ് ശരാശരി. എന്നാൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിൽ നടന്ന ഏകദിന പരമ്പരയിൽ തിളങ്ങാൻ താരത്തിന് സാധിച്ചില്ല. 13,18, 2 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ റായുഡുവിന്റെ സ്കോർ.