Skip to content

മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

ഐ പി എല്ലിലെ മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രാജസ്ഥാൻ റോയൽസ് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. ജയ്പൂരിൽ നടന്ന മത്സരത്തിൽ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിമൂന്നാം ഓവറിലാണ് ജോസ് ബട്ട്ലറിനെ മങ്കാഡിങ് രീതിയിലൂടെ കിങ്‌സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിൻ പുറത്താക്കിയത്. ബട്ട്ലർ പുറത്തായതോടെ തകർന്നടിഞ്ഞ രാജസ്ഥാൻ റോയൽസ് മത്സരത്തിൽ പരാജയപെടുകയും ചെയ്‌തു. ഇതിനുപുറകെ നിരവധി വിമർശനങ്ങളാണ് അശ്വിൻ ഏറ്റുവാങ്ങിയത്.

ആ സമയത്ത് തീർത്തും നിരാശനായെന്നും മങ്കാഡിങ് നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ബട്ട്ലർ വ്യക്തമാക്കി. അശ്വിൻ പന്ത് റിലീസ് ചെയ്യുന്ന സമയത്തും ക്രീസിൽ ഉണ്ടായിരുന്നുവെന്നും അതിനാൽ തനിക്കെതിരായ തീരുമാനം തെറ്റാണെന്നും ബട്ട്ലർ കൂട്ടിച്ചേർത്തു.

എന്നാൽ മങ്കാഡിങിനെ പൂർണ്ണമായും തളളിപറയാൻ ബട്ട്ലർ തയ്യാറായില്ല. നോൺ സ്‌ട്രൈകർ ബാറ്റ്‌സ്മാൻ ക്രീസിൽ നിന്നും മനപ്പൂർവ്വം വെളിയിറങ്ങി ആനുകൂല്യം നേടാതിരിക്കാൻ ഈ നിയമം ആവശ്യമാണെന്നും എന്നാൽ ഈ നിയമത്തിൽ ഇരുണ്ട ഭാഗങ്ങൾ ഉണ്ടെന്നും അതിൽ വ്യക്തത വേണമെന്നും ബട്ട്ലർ തുറന്നുപറഞ്ഞു.