Skip to content

ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ സർപ്രൈസ് താരങ്ങൾ

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി ന്യൂസിലാൻഡ് . കെയ്ൻ വില്യംസൺ നയിക്കുന്ന ടീമിൽ ചില സർപ്രൈസ് നീക്കങ്ങൾക്കും സെലക്ടർമാർ മുതിർന്നിട്ടുണ്ട് . അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടോം ബ്ലണ്ടൽ തന്നെയാണ് ടീമിലെ വമ്പൻ സർപ്രൈസ്. രണ്ട് ടെസ്റ്റും മൂന്ന് ടി20യിലും ന്യൂസിലാൻഡിന് വേണ്ടി കളിച്ച ബ്ലണ്ടൽ ലോകകപ്പിലൂടെ തന്നെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കും. ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടിയ താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ റെക്കോർഡ് അത്ര മികച്ചതല്ല എന്നതാണ് അത്ഭുതപെടുത്തുന്ന മറ്റൊരു വസ്തുത. ആഭ്യന്തര ഏകദിന മത്സരങ്ങളിൽ 23 ന് താഴെ ശരാശരിയുള്ള താരത്തിന്റെ സ്‌ട്രൈക് റേറ്റ് 80 ലും താഴെയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഓസ്‌ട്രേലിയക്കെതിരെയാണ് ബ്ലണ്ടൽ അവസാനമായി ന്യൂസിലാൻഡിന് വേണ്ടി കളിച്ചത്.

മിച്ചൽ സാന്റ്നർക്കൊപ്പം ഇഷ് സോധിയെയാണ് രണ്ടാം സ്പിന്നറായി ലോകകപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമീപകാലത്തെ മോശം ഫോമിലും കോളിൻ മൺറോ ടീമിൽ ഇടം നേടി. കോളിൻ ഡി ഗ്രാൻഡഹോമെയും ജിമ്മി നീഷമുമാണ് ടീമിലെ ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർമാർ. ടിം സൗത്തീ, ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻറി, ലോക്കി ഫെർഗുസൺ എന്നിവരടങ്ങുന്ന ശക്തമായ പേസ് നിര ന്യൂസിലാൻഡിനുണ്ട്.

ന്യൂസിലാൻഡ് ടീം :

കെയ്ൻ വില്യംസൺ, മാർട്ടിൻ ഗപ്ട്ടിൽ, ഹെൻറി നിക്കോളാസ്, റോസ് ടെയ്ലർ, ടോം ലാതം, കോളിൻ മൺറോ, ടോം ബ്ലണ്ടൽ, കോളിൻ ഡി ഗ്രാൻഡ്ഹോമെ, മിച്ചൽ സാന്റ്നർ, ഇഷ് സോധി, ജിമ്മി നീഷം, മാറ്റ് ഹെൻറി, ലോക്കി ഫെർഗുസൺ, ടിം സൗത്തീ, ട്രെങ് ബോൾട്ട്