Skip to content

തുടർച്ചയായ നാലാം മത്സരത്തിലും തകർപ്പൻ വിജയവുമായി ഓസ്‌ട്രേലിയ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ആറ് റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 278 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 218/2 എന്ന ശക്തമായ നിലയിൽ നിന്നുമാണ് പാകിസ്ഥാൻ തകർന്നടിഞ്ഞത്. ആബിദ് അലി 119 പന്തിൽ 112 റൺസും വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ 102 പന്തിൽ 104 ഉം റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചവെങ്കിലും മറ്റുള്ളവർക്ക് തിളങ്ങാൻ സാധിക്കാതെ വന്നത് പാകിസ്ഥാന് തിരിച്ചടിയായി .

ഓസ്‌ട്രേലിയക്ക് വേണ്ടി നേഥൻ കോൾട്ടർനൈൽ മൂന്ന് വിക്കറ്റും മാർക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും കെയ്ൻ റിച്ചാർഡ്‌സൺ, നേഥൻ ലയൺ, ആഡം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 78 പന്തിൽ 62 റൺസ് നേടിയ ഉസ്മാൻ ഖവാജ, 82 പന്തിൽ 98 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ, 67 പന്തിൽ 55 റൺസ് നേടിയ അലക്സ് കാരെ എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റൻ ഫിഞ്ച് 42 പന്തിൽ 32 റൺസ് നേടി.

ഗ്ലെൻ മാക്‌സ്‌വെല്ലാണ് മാൻ ഓഫ് ദി മാച്ച് . മാർച്ച് 31 നാണ് പരമ്പരയിലെ അവസാന മത്സരം.