Skip to content

ഐ പി എൽ 2019 ; കൊൽക്കത്ത പഞ്ചാബ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ ആറാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിതീഷ് റാണ (63), റോബിൻ ഉത്തപ്പ (67), ആന്ദ്രേ റസ്സൽ (48) എന്നിവരുടെ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ 218/4 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി മായങ്ക് അഗർവാൾ (58), ഡേവിഡ് മില്ലർ (59*) എന്നിവർ പൊരുതിയെങ്കിലും വിജയം നേടികൊടുക്കാൻ സാധിച്ചില്ല. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 190 റൺസ് നേടാനെ പഞ്ചാബിന് സാധിച്ചുള്ളൂ.

മത്സരത്തിൽ പിറന്ന റെക്കോർഡുകൾ

218/4 – ഐ പി എൽ ചരിത്രത്തിൽ ഈഡൻ ഗാർഡൻസിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കെതിരെ തന്നെ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 210 റൺസ് നേടിയ മുംബൈ ഇന്ത്യൻസിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.

ഒരു ബാറ്റ്സ്മാൻ പോലും 70 റൺസ് പൂത്തിയാക്കാതെ ഐ പി എല്ലിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ടീമെന്ന റെക്കോർഡിൽ മുംബൈ ഇന്ത്യൻസിനൊപ്പം കൊൽക്കത്തയെത്തി. 2010 ഐ പി എൽ സീസണിൽ ഒരു ബാറ്റ്സ്മാൻ പോലും 70 പിന്നിടാതെ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 218 റൺസ് മുംബൈ നേടിയിരുന്നു .

വീണ്ടും ഷാമിയെ പഞ്ഞിക്കിട്ട് റസ്സൽ

മത്സരത്തോടെ ഐ പി എല്ലിൽ ഒരു ബൗളർക്കെതിരെ പത്തോ അതിൽ കൂടുതലോ സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനായി റസ്സൽ മാറി. ഇതുവരെ ഐ പി എല്ലിൽ ഷാമിക്കെതിരെ 22 പന്തിൽ നിന്നും 10 സിക്സുകൾ റസ്സൽ പറത്തിയിട്ടുണ്ട്. അമിത് മിശ്രക്കെതിരെ 14 സിക്സ് നേടിയ പൊള്ളാർഡ്, പിയുഷ് ചൗളയ്ക്കെതിരെ 11 സിക്സ് നേടിയ ക്രിസ് ഗെയ്ൽ എന്നിവരാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള മറ്റു ബാറ്റ്സ്മാന്മാർ.

ഷാമിക്കെതിരെ ഇതുവരെ 327.27 സ്‌ട്രൈക് റേറ്റിൽ 72 റൺസ് ഐ പി എല്ലിൽ റസ്സൽ നേടിയിട്ടുണ്ട് .

അരങ്ങേറ്റം നാണക്കേടോടെ

25 റൺസാണ് തന്റെ ഐ പി എൽ അരങ്ങേറ്റത്തിൽ പഞ്ചാബ് ബൗളർ വരുൺ ചക്രവർത്തി വഴങ്ങിയത് .ഇതോടെ ഐ പി എൽ അരങ്ങേറ്റത്തിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബൗളറെന്ന മോശം റെക്കോർഡ് താരം സ്വന്തമാക്കി.

47 റൺസ് മത്സരത്തിൽ നാലോവറിൽ പഞ്ചാബ് ക്യാപ്റ്റൻ അശ്വിൻ വഴങ്ങി ഐ പി എല്ലിൽ അശ്വിന്റെ ഏറ്റവും രണ്ടാമത്തെ മോശം പ്രകടനമാണിത്.