Skip to content

ബൗളിങ്ങിലും തിളങ്ങി റസ്സൽ ; കൊൽക്കത്തയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെ 28 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ തുടർച്ചയായ രണ്ടാം വിജയം. കൊൽക്കത്ത ഉയർത്തിയ 219 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 190 റൺസ് നേടാനെ സാധിച്ചുള്ളൂ. 34 പന്തിൽ നിന്നും 58 റൺസ് നേടിയ മായങ്ക് അഗർവാളും 40 പന്തിൽ 59 റൺസ് നേടിയ ഡേവിഡ് മില്ലറും പൊരുതിയെങ്കിലും വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. മന്ദീപ്‌ സിങ് 15 പന്തിൽ 33 റൺസ് നേടി. ക്രിസ് ഗെയ്ൽ 20 റൺ നേടി പുറത്തായപ്പോൾ രാഹുൽ ഒരു റൺ മാത്രം നേടി വീണ്ടും നിരാശപ്പെടുത്തി.

മൂന്നോവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസ്സലാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. ലോക്കി ഫെർഗുസൻ, പിയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്ന് കൊൽക്കത്ത ഒന്നാം സ്ഥാനത്തെത്തി.

മാർച്ച് 30 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം. അതേ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ സ്വന്തം തട്ടകത്തിൽ പഞ്ചാബ് ഇറങ്ങും.